Culture

വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റില്ല; വിദ്യാര്‍ത്ഥി സര്‍വകലാശാലക്ക് തീയിട്ടു

By chandrika

February 03, 2018

വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റിനായുള്ള നീണ്ട കാത്തിരുപ്പിനൊടുവില്‍ സഹികെട്ട് വിദ്യാര്‍ഥി സര്‍വകലാശാല ആസ്ഥാനത്തിന് മുന്‍ വിദ്യാര്‍ഥി തീയിട്ടു. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വര്‍ഷം നീണ്ടതിനെത്തുടര്‍ന്നാണ് എം.എസ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയായ ചന്ദ്രമോഹന്‍ ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ചന്ദ്രമോഹന്‍ മഹാരാജാ സായദ്‌റാവൂ സര്‍വകലാശാലയില്‍ 2007 ബാച്ചിലെ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിയായിരുന്നു.

Gujarat: Former student of Vadodara’s Maharaja Sayajirao University torched a part of VC’s office as he was angry over not getting degree for course he completed in 2007, says, ‘it is because I painted nude pictures of Goddess Durga & Lord Vishnu.’ Police say investigation is on. pic.twitter.com/t9KaMKOQUq

— ANI (@ANI) February 2, 2018

പഠനം പൂര്‍ത്തിയാക്കി 11 വര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റിനു കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് െൈവസ് ചാന്‍സലര്‍ പരിമള്‍ വ്യാസിനെ കാണാനായാണ് മോഹന്‍ സര്‍വകലാശാലയില്‍ എത്തിയത്. നേരത്തെ സംഭവത്തില്‍ വിശദീകരണം തേടി യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ഒട്ടേറെ മോഹന്‍ കത്തുകളെഴുതിയിരുന്നു. നേരിട്ടെത്തിയിട്ടും യാതൊരു പ്രതികരണവുമില്ലാതായതോടെയാണ് മോഹന്‍ ആസ്ഥാനത്തിന് തീ കൊളുത്തിയത്.

വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടന്ന തര്‍ക്കത്തിനെത്തുടര്‍ന്ന് ഇയാള്‍ ഒരു കുപ്പി പെട്രോളുമായി വന്ന് ഓഫിസ് കെട്ടിടത്തിലെ സോഫയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ജിഗാര്‍ ഇനാമ്ദാറിന് തീപ്പിടിത്തത്തില്‍ ചെറിയ പരുക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ മോഹനെ അറസ്റ്റു ചെയ്തതായും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം വളരെ സങ്കടകരമായ സംഭവമാണ് നടന്നതെന്ന് സര്‍വകലാശാല വിസി പ്രതികരിച്ചു. താന്‍ സ്ഥലത്തില്ലായിരുന്നു വെന്നും ചന്ദ്രമോഹന് ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതിയായിരുന്നുവെന്നും വിസി പറഞ്ഞു.

നേരത്തെ പഠന കാലത്ത് ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദര്‍ശനം വിവാദത്തിനിടയാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് വിശ്വ ഹിന്ദു പരിഷത്ത് ചന്ദ്രമോഹനെതിരെ അക്രമം നടത്തിയിരുന്നു. സര്‍വകലാശാലയില്‍ കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ വരെ ചിത്രപ്രദര്‍ശന വിവാദം കാരണമായിരുന്നു.