വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു. തനിക്ക് പ്രായമേറിയെന്നും തനിക്ക് പകരം യോഗ്യരായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് കത്തിലുള്ളത്.

2016 ആഗസ്തിലാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം വിജയ് രൂപാണിക്ക് കൈമാറുന്നത്. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയും പട്ടേല്‍ പ്രക്ഷോഭത്തോട് സ്വീകരിച്ച നിലപാടും ആയിരുന്നു സ്ഥാന നഷ്ടത്തിനുള്ള കാരണം.

എന്തു വിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് പട്ടേല്‍ നേതാക്കളുടെ നിലപാട്. ആനന്ദിബെന്‍ പട്ടേല്‍ വീണ്ടും മത്സരത്തിനിറങ്ങിയാല്‍ പട്ടേല്‍ സമുദായം ഒന്നടങ്കം ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായി ബിജെപിക്കെതിരെ രംഗത്ത് വരുമെന്നതിനാലാണ് ഇപ്പോഴത്തെ നടപടി ആണെന്നാണ് വിലയിരുത്തല്‍