kerala

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

By webdesk17

October 13, 2025

ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക്. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തി കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ എ.ഐ.സി.സി ആസ്ഥാനത്തുണ്ടായിരുന്നു.

കജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സംഭവത്തിലാണ് കണ്ണന്‍ ഗോപിനാഥന്‍ പ്രതിഷേധാര്‍ഹമായി സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് കണ്ണന്‍ ഗോപിനാനെതിരെ കുറ്റപത്രം നല്‍കി. പിന്നാലെ അദ്ദേഹം ദാദ്ര നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറി പദവി രാജിവെക്കുകയായിരുന്നു. നോട്ടുനിരോധനമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കണ്ണന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ കണ്ണന്‍ ഗോപിനാഥനോട് തിരികെ സര്‍വിസില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. എന്നാല്‍, ഐ.എ.എസ് പദവി ഇല്ലാതെ തന്നെ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് ഗോപിനാഥന്‍ മറുപടി നല്‍കിയിരുന്നു.

സി.ഐ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലും ഗോപിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. അദ്ദേഹം കോട്ടയം സ്വദേശിയാണ്.