kerala

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്

By sreenitha

January 07, 2026

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിൽ നടക്കും. കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നും നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി പി. രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇന്നലെ അന്തിമോപചാരം അർപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ജനകീയ മുഖമായിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം, ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നുമാണ് നിയമസഭാംഗമായത്. 2005–06, 2011–16 കാലഘട്ടങ്ങളിൽ ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വ്യവസായ, പൊതുമരാമത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചു.

എംഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച ഇബ്രാഹിംകുഞ്ഞ് യൂത്ത് ലീഗ് നേതാവായും ദീർഘകാലം മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി പുരസ്കാരം, കേരള രത്ന പുരസ്കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 – കേളീ കേരള പുരസ്കാരം, യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് തുടങ്ങിയ നിലകളും വഹിച്ചു.

1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ജനനം. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്. മറ്റു മക്കൾ: വി.ഇ. അബ്ബാസ്, വി.ഇ. അനൂപ്.