ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായി ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബീഗം ഖാലിദ സിയ.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎന്‍പി നേതാക്കള്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാനാണ് ഭര്‍ത്താവ്.
നവംബര്‍ 23 മുതല്‍ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഖാലിദ സിയ. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഡിസംബര്‍ 11 ന് മുന്‍ പ്രധാനമന്ത്രിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് രണ്ട് ദിവസം മുമ്പ്, ഖാലിദയുടെ സ്വകാര്യ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
ശ്വാസകോശത്തിലും ഹൃദയത്തിലുമുണ്ടായ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 36 ദിവസമായി ചികിത്സയിലായിരുന്നു. ഖാലിദ സിയയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. നിരവധി രോഗങ്ങള്‍ ഖാലിദ സിയയെ പിടികൂടിയിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം എന്നീ രോഗങ്ങളും കിഡ്നി, ശ്വാസകോശങ്ങള്‍, ഹൃദയം, കണ്ണ് എന്നിവയെ ബാധിക്കുന്ന രോഗങ്ങളും ഖാലിദ സിയയ്ക്ക് പിടിപ്പെട്ടിരുന്നു. ഈ മാസം ആദ്യം വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും ഖാലിദ സിയയുടെ മോശം സ്ഥിതി മൂലം കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളിയാണ് ഖാലിദ സിയ.
1981ല്‍ സിയാ ഉറിനെ സൈന്യം വധിച്ചപ്പോഴാണ് ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1984 മുതല്‍ ബിഎന്‍പിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. 1991ലാണ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 1991 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.