ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ടുതവണ ബോധരഹിതനായി വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർമാർ അറിയിച്ചു.
ശുചിമുറിയിൽ പോയ സമയത്താണ് ധൻഘഡ് ആദ്യം ബോധരഹിതനായി വീണത്. പിന്നാലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിശദമായ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2025 ജൂലൈ 21നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു.