ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക് വെടിവെപ്പില്‍ നാല് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാഡന്റാണ്. ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയാണ് മേഖലയില്‍ വെടിവെപ്പാരംഭിച്ചത്. ഇത് പുലര്‍ച്ചെ നാലുവരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതോടെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.

രാംഗഡ് സെക്ടറില്‍ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് യാതൊരു പ്രകോപനവുമില്ലാതെ വെടിവെപ്പ് നടത്തിയെന്നും നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടെന്നും ബി.എസ്.എഫ് ഐ.ജി റാം അവതാര്‍ പറഞ്ഞു. സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് അനുശോചനം രേഖപ്പെടുത്തി.

ഈ മാസം രണ്ടാംതവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വലിയ തോതില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. മെയ് 29നാണ് 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ശക്തമായി പാലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഈ മാസം മൂന്നിനുണ്ടായ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഗ്രാമവാസികളടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.