india

‘നാല് ദിവസം കൊണ്ട് നാല് നിലപാട്; അതാണ് നിലപാടിന്റെ രാജകുമാരന്‍…’ -എം.വി. ഗോവിന്ദനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

By webdesk13

March 05, 2025

മദ്യപാനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ‘നാല് ദിവസം നാല് നിലപാട്, അതാണ് നിലപാടിന്റെ രാജകുമാരന്‍… സത്യത്തില്‍….’ -എന്നായിരുന്നു രാഹുലിന്റെ കമന്റ്. അടുത്തടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനകളുടെ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പരിഹാസം.

പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നും കുടിച്ചാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും ഇന്നലെ പറഞ്ഞ ഗോവിന്ദന്‍ മാസ്റ്റര്‍, പാര്‍ട്ടി അനുഭാവികളും പാര്‍ട്ടി ബന്ധുക്കളും മദ്യപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃസ്ഥാനത്തുള്ളവര്‍ക്കും അണികള്‍ക്കും മാത്രമാണ് മദ്യവിലക്കെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ലെന്നും കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

”പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനിക കാഴ്ചപ്പാടില്‍ വളര്‍ന്നുവന്നവരാണ് ഞങ്ങള്‍. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവരെ പുറത്താക്കും’ എന്നായിരുന്നു ഇന്നലെ പറഞ്ഞത്.

എന്നാല്‍, ”മദ്യപിക്കുന്നവര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പാര്‍ട്ടി അംഗങ്ങളല്ലാത്ത അനുഭാവികള്‍, പാര്‍ട്ടി ബന്ധുക്കള്‍ എന്നിവര്‍ മദ്യപിക്കുന്നതില്‍ എതിര്‍പ്പില്ല. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി സംഘടനാ രംഗത്ത് നില്‍ക്കുന്ന സഖാക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്’ -എന്നായിരുന്നു എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്.