എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ മൊഴി പുറത്ത്. കുട്ടിയുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നല്‍കി. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ച വിവരം അറിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കുട്ടികളും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും യുവതി മൊഴി നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ മൊഴി നല്‍കി.
അതേസമയം നാലു വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.
സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
മെയ് 19 തിങ്കളാഴ്ച അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതായി. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു.