GULF

മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

By webdesk17

November 09, 2025

ദുബൈ: മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതര്‍. പരിശോധനകള്‍, നിയമലംഘനങ്ങള്‍, പിഴകള്‍ തുടങ്ങിയവയെ സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് സംഘം ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളിലൂടെയോ ഇ-മെയില്‍ വഴിയോ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ലിങ്കുകളോ അഭ്യര്‍ത്ഥനയോ ആകും സന്ദേശങ്ങളായി വരുക. ദുബൈ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് സന്ദേശം അയക്കുന്നത്. ഈ സന്ദേശങ്ങള്‍ക്ക് പരിശോധന നടത്താതെ പ്രതികരിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ ആണോ എന്ന് ഉറപ്പാക്കാന്‍ ഐ ഡി കാര്‍ഡും തിരിച്ചറിയല്‍ രേഖകളും കാണിക്കാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാം. സംശയാസ്പദമായ സന്ദേശങ്ങള്‍ 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ദുബൈ മുനിസിപ്പാലിറ്റി സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ചോ പരിശോധിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരിച്ചറിയല്‍ രേഖകള്‍, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ആര്‍ക്കും നല്‍കരുത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴോ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തുമ്പോഴോ പൊതു വൈ-ഫൈ ഉപയോഗിക്കരുത് എന്നും മൊബൈല്‍ നെറ്റ് തന്നെ ഉപയോഗിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.