ലണ്ടന്‍: ഇസ്രാഈല്‍ തടവിലിട്ട ഫലസ്തീന്‍ തടവുകാരെ തൂക്കിക്കൊല്ലാന്‍ അനുവദിക്കുന്നതിനുള്ള ഏറ്റവും പുതിയ ഇസ്രാഈല്‍ നിയമനിര്‍മാണ നീക്കത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചതിന് പിന്നാലെ, തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ ആക്ടിവിസ്റ്റുകള്‍ ‘റെഡ് റിബണ്‍സ്’ എന്ന പേരില്‍ ആഗോള കാമ്പെയ്ന്‍ ആരംഭിച്ചു.
കാമ്പെയിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ ചുവന്ന റിബണുകളും ഫലസ്തീന്‍ തടവുകാരുടെ ചിത്രങ്ങളും സ്ഥാപിച്ചു. ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമുള്ള 400ലധികം കുട്ടികളും 150ഓളം മെഡിക്കല്‍ തൊഴിലാളികളും ഉള്‍പ്പെടെ കുറഞ്ഞത് 9,000 ഫലസ്തീനികളെ ഇസ്രാഈല്‍ അധികൃതര്‍ നിയമവിരുദ്ധമായി തടവിലാക്കിയിട്ടുണ്ടെന്നാണ് ആക്ടിവിസ്റ്റുകളുടെ ആരോപണം.
ജയില്‍ അധികാരികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഇസ്രാഈല്‍ നിയമനിര്‍മാണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് കാമ്പെയിന്‍ ആരംഭിച്ചത്. തടങ്കല്‍ കാലാവധി നീട്ടാനുള്ള അധികാരം, ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നത് തടയല്‍, ഫലസ്തീന്‍ തടവുകാര്‍ക്ക് മാത്രമായി വധശിക്ഷ വിധിക്കല്‍ തുടങ്ങിയ നടപടികളെയാണ് ആക്ടിവിസ്റ്റുകള്‍ ശക്തമായി അപലപിക്കുന്നത്.
ഇസ്രാഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ ബന്ദികളുടെ ദുരവസ്ഥ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കാമ്പെയിന് തുടക്കമിട്ട അദ്‌നാന്‍ ഹ്‌മിദാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ഇസ്രാഈല്‍ ജയിലുകളില്‍ നടക്കുന്നത് ഒറ്റപ്പെട്ട ദുരുപയോഗങ്ങളുടെ പരമ്പരയല്ല. മറിച്ച് അപമാനത്തിന്റെയും വ്യവസ്ഥാപിത പീഡനത്തിന്റെയും പൂര്‍ണമായി വികസിപ്പിച്ച ഒരു സംവിധാനമാണ്. ഇത് ഇപ്പോള്‍ വംശീയ സ്വഭാവമുള്ള നിയമങ്ങളിലൂടെ നിയമവിധേയമാക്കപ്പെടുകയാണ്,’ പ്രസ്താവനയില്‍ പറയുന്നു. ഫലസ്തീന്‍ തടവുകാരുടെ അവകാശ സംഘടനകള്‍ ഇസ്രാഈല്‍ നെതിരെ വ്യാപകമായ പീഡനം, ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍, ദീര്‍ഘകാല ഏകാന്തതടവ്, മെഡിക്കല്‍ അവഗണന എന്നിവ ആരോപിച്ചിട്ടുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ലിന്റെ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം പട്ടിണിയും കസ്റ്റഡിയിലെ മരണങ്ങളും വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, രഹസ്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താതെയോ വിചാരണ നടത്താതെയോ തടവിലാക്കാന്‍ അനുവദിക്കുന്ന ‘ഭരണപരമായ തടങ്കല്‍’ മനുഷ്യാവകാശ സംഘടനകള്‍ കൂട്ടശിക്ഷയുടെ ഉപാധിയായി വ്യാപകമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ ഉത്തരവുകള്‍ പ്രകാരം ഫലസ്തീനികളെ അനിശ്ചിതകാലത്തേക്ക് തടവിലാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്.
ഇസ്രാഈല്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ‘ഹാമോകെഡ്’ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2026 ജനുവരി വരെ കുറഞ്ഞത് 3,300 ഫലസ്തീനികള്‍ നിലവില്‍ ഭരണപരമായ തടങ്കലില്‍ കഴിയുന്നുണ്ട്.