kerala

ആത്മീയതയുടെ സൗഹൃദനിലാവ്

By Akhila

March 20, 2026

സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട്

റമസാന്‍ മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്‍ക്ക് സമാപനമാകുമ്പോള്‍, ചെറിയ പെരുന്നാള്‍ നമ്മുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മം, ആത്മപരിശോധന എന്നിവയിലൂടെ നാം നേടിയെടുത്ത ആത്മീയ ചൈതന്യം ഈ പെരുന്നാള്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത് അതിനെ നഷ്ടപ്പെടാതെ തുടര്‍ന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയാണ്.

റമസാന്‍ നമ്മെ പഠിപ്പിച്ചത് സഹനവും സ്വയം നിയന്ത്രണവും മാത്രമല്ല മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള ഹൃദയവും കൂടിയാണ്. അതുകൊണ്ട്തന്നെ, ഈ പരിശുദ്ധ മാസത്തില്‍ വളര്‍ത്തിയെടുത്ത ദാനധര്‍മ്മ ശീലം പെരുന്നാളോടെ അവസാനിപ്പിക്കാതെ ജീവിതത്തിന്റെ സ്ഥിരം ഭാഗമാക്കേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള നിര്‍ധനരെയും സഹായം ആവശ്യമുള്ളവരെയും മറക്കാതെ, അവര്‍ക്ക് ആശ്വാസവും കരുതലും നല്‍കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്. പെരുന്നാള്‍ കുടുംബബന്ധങ്ങള്‍ പുതുക്കാനുള്ള അപൂര്‍വ്വ അവസരമാണ്. തിരക്കുകള്‍ക്കിടയില്‍ അകന്നുപോയ ബന്ധങ്ങളെ വീണ്ടും ചേര്‍ക്കാനും ബന്ധുക്കളെ സന്ദര്‍ശിച്ചും സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും കുടുംബത്തിന്റെ മഹത്ത്വം തിരിച്ചറിയാനും ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു.

ബന്ധങ്ങള്‍ ശക്തമാകുമ്പോള്‍ സമൂഹവും ശക്തമാകും എന്ന തിരിച്ചറിവ് ഈ ദിനം നല്‍കുന്നു. തിരക്കുപിടിച്ച ആധുനിക ലോകത്ത് അകന്നുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള അവസരമാണ് പെരുന്നാള്‍. സ്നേഹമുള്ള കുടുംബങ്ങളില്‍ നിന്നാണ് സമാധാനമുള്ള സമൂഹം കെട്ടിപ്പടുക്കപ്പെടുന്നത്. മത-ജാതി ഭേദമന്യേ സുഹൃത്തുക്കളെയും അയല്‍വാസികളെയും ആഘോഷത്തില്‍ പങ്കാളികളാക്കുന്നതിലൂടെ നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാകുന്നു.

ലോകം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പശ്ചിമേഷ്യയിലെയും മറ്റും അശാന്തമായ സാഹചര്യങ്ങളില്‍ കഴിയുന്ന പ്രവാസി സഹോദരങ്ങളെയും ദുരിതമനുഭവിക്കുന്ന ജനതയെയും വിസ്മരിക്കരുത്. യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്. അവരുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യേണ്ടത് മനുഷ്യധര്‍മ്മമാണ്. അവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് നമ്മുടെ ഉത്തരവാദിത്വവുമാണ്.

പെരുന്നാള്‍ പരസ്പര സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്ന ദിനമായിരിക്കണം. മത-ജാതി ഭേദമന്യേ എല്ലാവരോടും സഹോദരത്വത്തോടെ പെരുമാറി, നമ്മുടെ നാടിന്റെ മതമൈത്രിയും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വൈവിധ്യത്തില്‍ ഐക്യം എന്ന മൂല്യം നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്.

വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും നമ്മിലെത്തിയിരിക്കുകയാണ്. ഇത്തരം സമയങ്ങളില്‍ വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന വര്‍ഗീയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സൗഹൃദവും സഹിഷ്ണുതയും സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആത്മാവ് നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ സൗന്ദര്യം വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലും പുലര്‍ത്തുന്ന പരസ്പര ബഹുമാനമാണ്. ഈ ചെറിയ പെരുന്നാള്‍ ദിനം നമ്മെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്തുന്ന ഒരു അവസരമാക്കുക. റമസാനില്‍ നേടിയെടുത്ത നല്ല ഗുണങ്ങളെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ട്, സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കാം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചമായി ചെറിയ പെരുന്നാള്‍ മാറട്ടെ. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിനയവും ദയയും എന്നും നമ്മുടെ കൂടെയുണ്ടാകണം. വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, സഹോദര്യം കൈവിടാതെ നമുക്ക് മുന്നോട്ട് നീങ്ങാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍. അള്ളാഹു അക്ബര്‍.. അള്ളാഹു അക്ബര്‍..വലില്ലാഹില്‍ ഹംദ്.