തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റുകള്‍ അധഃപതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും, ഇത് തിരുത്താന്‍ ശ്രമിക്കുന്നവരെ തന്നെ നേതൃത്വം പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിലയില്‍ പാര്‍ട്ടി മുന്നോട്ടുപോയാല്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളവും നീങ്ങുകയെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയുടെ രാജി ആവശ്യപ്പെട്ടത് ചില ഫോട്ടോകള്‍ വന്നതുകൊണ്ടല്ലെന്നും, ഫോട്ടോകള്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ എസ്‌ഐടി പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
മുരാരി ബാബുവിന് ജാമ്യം ലഭിച്ചുവെന്നും, ഒരാഴ്ചയ്ക്കകം മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിക്കുമെന്നും പറഞ്ഞ മുരളീധരന്‍, കൊള്ളക്കാര്‍ എല്ലാം രക്ഷപ്പെടുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു. ജയിലില്‍ കിടക്കുന്നത് തന്ത്രി മാത്രമാണെന്നും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നാല്‍ എല്ലാവരും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനത്തെ പരിഹസിച്ച മുരളീധരന്‍, ”പവനായി ശവമായി, ഒന്നും സംഭവിച്ചില്ല” എന്നും പ്രതികരിച്ചു. മൂന്ന് മണിക്കൂറില്‍ കണ്ണൂരിലെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ വീരവാദം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോള്‍ ബിജെപി മേയര്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും, മേയര്‍ വിമാനത്താവളത്തില്‍ എത്താതിരുന്നതായും അദ്ദേഹം വിമര്‍ശിച്ചു.