Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

By webdesk13

September 30, 2023

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.