പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് എല്ലാ ബുധനാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ ആഴ്ചയിലെ പ്രവൃത്തിദിനങ്ങള്‍ നാല് ദിവസമായി ചുരുങ്ങി. മാര്‍ച്ച് 18 മുതല്‍ എല്ലാ ബുധനാഴ്ചയും അവധിയായിരിക്കും. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ജുഡീഷ്യറി എന്നിവയ്ക്കാണ് പ്രധാനമായും ഇത് ബാധകം.
അതേസമയം ആരോഗ്യസ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍, ജലവിതരണം, കസ്റ്റംസ് തുടങ്ങിയ അവശ്യ സര്‍വീസുകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും വില ബാരലിന് 100 ഡോളറായി വര്‍ധിക്കുകയും ചെയ്തു. രാജ്യത്ത് ഇന്ധന റേഷനിംഗ് ഏര്‍പ്പെടുത്തുകയും പൂഴ്ത്തിവെപ്പ് തടയാന്‍ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.