ഗാന്ധിനഗര്‍: ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്കരിക്കുന്നത് എന്ന വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗാന്ധിജയന്തി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാമരാജ്യത്തിന്റെ പ്രകാശനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗാന്ധിജി രാമദേവനില്‍ വിശ്വസിച്ചിരുന്നു. രാമരാജ്യം ഗാന്ധിജിയുടെ ആശയമായിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കു പോലും ഹേ റാം എന്നായിരുന്നു. ഒരു സമ്പൂര്‍ണ ഭരണാധികാരിക്ക് വേണ്ട എല്ലാ ഗുണവും രാമനുണ്ടായിരുന്നു. അദ്ദേഹം ജനങ്ങളെ സ്‌നേഹിച്ചു. അതു കൊണ്ടാണ് രാമന്റെ ഭരണം ഉദാത്തമായി കണക്കാക്കുന്നത്. അതു കൊണ്ടാണ് ഗാന്ധിജി രാമരാജ്യത്തെ കുറിച്ച് സ്വപ്‌നം കണ്ടത്’ – രൂപാനി പറഞ്ഞു.

പോര്‍ബന്ധറിലെ ഗാന്ധിജിയുടെ ജന്മവീടായ കൃതി മന്ദിറിലെ അനുസ്മരണ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദൗര്‍ഭാഗ്യകരമായ രീതിയില്‍ ചിലര്‍ രാമനെ ഒരു മതത്തിന്റെ വക്താവായി മാത്രം കാണുകയാണ്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സന്തോഷത്തോടു കൂടി പറയട്ടെ. അയോധ്യയിലെ രാമക്ഷേത്രം രാമരാജ്യത്തിന്റെ പ്രകാശനമാണ്. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് ഗാന്ധിജിയുടെ ആശയങ്ങളുടെ ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.