മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഒരേ സമയം മഹാത്മാഗാന്ധിയോടും രാജ്യത്തെ പട്ടിണി പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. രാഷ്ട്രപിതാവും രാഷ്ട്ര ശില്‍പിയുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളോടുള്ള മോദി സര്‍ക്കാറിന്റെ വിരോധം ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടം മുതല്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വരെ നിര്‍ണായക പങ്കുവഹിച്ച പൂര്‍വസൂരികളായ ഭരണാധികാരികളുടെയും നേതാക്കളുടെയും ഓര്‍മകള്‍പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ബി.ജെ.പി ഗവണ്‍മെന്റ തുടര്‍ന്നുവരികയാണ്. അവരുടെ നാമഥേയത്തിലുള്ള സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേരുകള്‍ മായ്ച്ചുകളയുകയെന്നത് ഹോബിയാക്കിമാറ്റിയ ഈ സര്‍ക്കാറിന്റെ ചെയ്തികളുടെ ഏറ്റവും ഒടുവിലത്തേതാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ് ഭാരത്, മന്‍മോഹന്‍ സിങ്ങി ന്റെ കാലത്തെ നിര്‍മല്‍ ഭാരത് അഭിയാനായിരുന്നു. ഇന്ദിരാ ആവാസ് യോജനയെ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയും രാജീവ് ആവാസ് യോജനയെ (ചേരി നിര്‍മാര്‍ജനം) സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ മിഷന്‍ ഫോര്‍ ആര്‍ ബന്‍ ഹൗസിങ്ങായും നാഷണല്‍ ഇഗവേണന്‍സ് പ്ലാന്‍, ഡിജിറ്റല്‍ ഇന്ത്യയായും നാഷണല്‍ മാനുഫാക്ചറിങ് പോളിസി, മെയ്ക്ക് ഇന്‍ ഇന്ത്യയായും മാറ്റിയത് ഈ സര്‍ക്കാര്‍ തന്നെയാണ്. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേരാണ് മാറ്റംവരുത്തിയിരിക്കുന്നത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തോടൊപ്പം, ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതികളില്‍ ലോകത്തെ ഏറ്റ വും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത പദ്ധതിയില്‍ അടിമുടി മാറ്റംവരുത്തിക്കൊണ്ട് ഈ സംവിധാനത്തെ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്കുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനമെന്ന ആത്യന്തിക ലക്ഷ്യത്തെ ഇല്ലാതാക്കി എന്നുമാത്രമല്ല, പദ്ധതിയുടെ ഭാവിതന്നെ അവതാളത്തിലാക്കുംവിധമാണ് പൊളിച്ചെഴുത്തുണ്ടായിരിക്കുന്നത്.
ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴില്‍ ഉറപ്പുനല്‍കുന്ന തരത്തിലാണ് മന്‍മോഹന്‍ സിങിന്റെ നേത്യത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2005 ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരില്‍ ആരംഭിച്ച പദ്ധതി, 2009 ഒക്ടോബര്‍ രണ്ടുമുതല്‍ യു.പി.എ സര്‍ക്കാര്‍ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 2020-21 കാലയളവില്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്തക്കളായി മാറിയിരുന്നത്. തൊഴില്‍ ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം, 100 തൊഴില്‍ദിനങ്ങള്‍, തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തൊഴില്‍ ആവശ്യപ്പെടാം, ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴില്‍ നിശ്ചയിക്കും, കേന്ദ്ര സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത ഫണ്ടില്‍ കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം (90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാ നം സംസ്ഥാനം), സാങ്കേതികവിദ്യയുടെ ഉപയോഗം നിര്‍ബന്ധിത വ്യവസ്ഥയല്ല, സോഷ്യല്‍ ഓഡിറ്റിങ്ങിന് ഊന്നല്‍ എന്നിങ്ങനെ ലളിതമായ വ്യവസ്ഥകളിലൂടെ പരമാവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു മന്‍മോഹന്‍ സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ ഇന്ന് പാവപ്പെട്ടവര്‍ക്ക് ഒരിക്കലും പ്രാപ്യമാകരുതെന്ന ലക്ഷ്യത്തിലേക്കാണ് പദ്ധതിയെ പരിവര്‍ത്തിച്ചിരിക്കുന്നത്.
കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്, സംസ്ഥാനങ്ങള്‍ക്കും ബാധ്യത, 125 തൊഴില്‍ദിനങ്ങള്‍, കാര്‍ഷികസീസണിന്റെ മൂര്‍ധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പില്‍ മറ്റ് തൊഴിലനുവദിക്കേണ്ട, ദേശീയ അടിസ്ഥാനസൗകര്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പി.എം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകള്‍ തൊഴില്‍ നിശ്ചയിക്കും.
കേന്ദ്രം 60 ശതമാനം സംസ്ഥാനം 40 ശതമാനം ചെലവ് വഹിക്കും, അധികമായാല്‍ ആ ബാധ്യതയും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണം, ബയോമെട്രിക് ഒതന്റിക്കേഷന്‍, ഡാഷ്‌ബോര്‍ഡുകള്‍, ജിയോസ്‌പേഷ്യല്‍ പ്ലാനിങ് എന്നിവ നിര്‍ബന്ധം, വിശ്വാസ്യതയുറപ്പാക്കാന്‍ ഡിജിറ്റല്‍ സംവിധാനം, വ്യവസ്ഥാകാലംഘനത്തിന് 10,000 രൂപവരെ പിഴ എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് പുതുതായി ചേര്‍ത്തിരിക്കു ന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതില്‍ പദ്ധതിപ്പേരില്‍ നിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. ‘പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ ഗാരന്റിയോജന’ എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാല്‍, തിങ്കളാഴ്ച്ച ലോക്‌സഭാ അംഗങ്ങള്‍ക്ക് പരിശോധനയ്ക്കായി നല്‍കിയ ബില്ലിന്റെ പേരില്‍നിന്ന് ഗാന്ധിജി തീര്‍ത്തും ഒഴിവാക്കപ്പെട്ടു. പേര് വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നായി മാറുകയായിരുന്നു. ഏതായാലും രാഷ്ട്രപിതാവിനോടും രാജ്യത്തെ പാവങ്ങളോടും ഒരേസമയം യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ രാജ്യത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു കൊലച്ചതിയാണ് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്