News

കില്‍പ്പോക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഗുണ്ടാ ആക്രമണം; പ്രസവിച്ച ഭാര്യയെ കാണാനെത്തിയ യുവാവ് വെട്ടേറ്റ് മരിച്ചു

By webdesk17

January 13, 2026

ചെന്നൈ: കില്‍പ്പോക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. ചെന്നൈയ്ക്ക് സമീപം രാജമംഗലത്തെ ആദി (28) ആണ് അജ്ഞാതസംഘത്തിന്റെ വെട്ടേറ്റുമരിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാനായി ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആദി ആശുപത്രിയിലെത്തിയത്.

ഹെല്‍മെറ്റ് ധരിച്ചെത്തിയ നാലംഗസംഘം ആദിയെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഉടന്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കെയാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആരോപിച്ചു. സംഭവം ആശുപത്രിയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് ഒന്‍പത് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇതുവരെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ. അരുണ്‍ വ്യക്തമാക്കി. പൊലീസ് കാവല്‍ നിലനില്‍ക്കവേ ആശുപത്രിക്കുള്ളില്‍ വെച്ച് കൊലപാതകം നടന്നത് അതിശയിപ്പിക്കുന്നതാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ പ്രതികരിച്ചു. പൊലീസുകാര്‍ തന്നെ കുറ്റകൃത്യങ്ങളെയും കൊലപാതകങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.