മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രതിയായ ശ്രീകാന്ത് പന്‍ഗാര്‍ക്കര്‍ വിജയിച്ചു. ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഷിന്‍ഡെ പക്ഷ ശിവസേന ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
2001ലും 2006ലും ശിവസേന കോര്‍പറേറ്ററായിരുന്ന ശ്രീകാന്ത്, പിന്നീട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. 2011ല്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജന്‍ജാഗ്രുതി സമിതിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ശിവസേനയില്‍ ചേര്‍ന്നെങ്കിലും ശക്തമായ പൊതുഎതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
2018ല്‍ നാടന്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട ബന്ധങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് 2021ല്‍ ഔദ്യോഗികമായി ഗൗരി ലങ്കേഷ് കൊലക്കേസില്‍ പ്രതിചേര്‍ത്തു.
2024ലാണ് ശ്രീകാന്തിന് ജാമ്യം ലഭിച്ചത്. അമോല്‍ കാലെയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഗൗരി ലങ്കേഷ് വധക്കേസിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കൊലക്കേസ് പ്രതിയുടെ തെരഞ്ഞെടുപ്പ് വിജയം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.