കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിട്ടുണ്ടാവാം. എന്നാല്‍ കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും തോറ്റിരിക്കുന്നുവെന്ന ഗാംഭീറിന്റെ ട്വീറ്റാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. അസ്ഹറിനെ മാത്രമല്ല ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെ കൂടി ലക്ഷ്യം വെച്ചാണ് ഗാംഭീറിന്റെ പരാമര്‍ശം. 2000 ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച പന്തയ വിവാദത്തില്‍ അസ്ഹര്‍ പ്രതിയാണെന്നും അത്തരത്തിലൊരാളെ ഇത്തരം ചടങ്ങിന് ക്ഷണിച്ചത് വഴി എന്ത് സന്ദേശമാണ് ക്രിക്കറ്റ് ലോകത്തിന് അധികാരികള്‍ നല്‍കിയിരിക്കുന്നത് എന്നുമാണ് ഗാംഭീറിന്റെ ചോദ്യം.


അതേസമയം അസ്ഹറുദ്ദീന്‍ ഈഡന്‍ ഗാര്‍ഡന്‍സ് മണിയടി ചടങ്ങില്‍ പങ്കെടുത്തതിനെതിരെ ട്വിറ്ററില്‍ പ്രതികരണം നടത്തിയ ഗൗതം ഗാംഭീറിന് പന്തയ വിവാദത്തില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിനെതിരെ മൗനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജി.പി സ്ഥാനാര്‍ത്ഥിയായി ശ്രീശാന്ത് മല്‍സരിച്ചപ്പോള്‍ ഗാംഭീറോ, സജ്ഞയ് മഞ്ച്‌രേക്കറോ ഒരക്ഷരം ഉരിയാടിയിരുന്നില്ല. ബി.ജെ.പി അനുകൂലിയാണ് ഗാംഭീര്‍.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കാനൊരുങ്ങുന്ന താരമാണ് ഡല്‍ഹി രജ്ഞി ടീമിന്റെ നായകന്‍ കൂടിയായ ഗാംഭീര്‍. രാഷ്ട്രീയലക്ഷ്യം വെച്ചാണ് ഇപ്പോള്‍ അദ്ദേഹം അസ്ഹറിനെയും അത് വഴി ഗാംഗുലിയെയും നോട്ടമിട്ടിരിക്കുന്നത്.
ട്വിറ്ററില്‍ അസ്ഹറിനെതിരെ പരാമര്‍ശം നടത്തിയ ഗാംഭീറിനെതിരെ തന്നെയാണ് ശക്തമായ പ്രതികരണം. ശ്രീശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ ഗാംഭീര്‍ എവിടെയായിരുന്നു എന്നാണ് പലരുടെയും ചോദ്യങ്ങള്‍.


ഗാംഭീറിന്റെ പരാമര്‍ശത്തിന് പിറകെ ക്രിക്കറ്റ് കമന്റേറ്റര്‍ സജ്ഞയ് മഞ്ച്‌രേക്കറും അസ്ഹറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മണിയടി ചടങ്ങിന് മുമ്പ് ക്രിക്കറ്റ്് ബോര്‍ഡ് സംഘടിപ്പിച്ച ജഗ്‌മോഹന്‍ ഡാല്‍മിയ അനുസ്മരണ ചടങ്ങിലും അസ്ഹര്‍ പങ്കെടുത്തിരുന്നു.

പന്തയ വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അസ്ഹര്‍ പറയുന്നത് തന്റെ നിരപരാധിത്വത്തെക്കുറിച്ചാണ്. താന്‍ തെറ്റുകാരനല്ലെന്നും ചിലരുടെ താല്‍പ്പര്യങ്ങളാണ് തന്നെ പ്രതിയാക്കുന്നതെന്നും പറഞ്ഞ് അദ്ദേഹം ആന്ധ്ര ഹൈക്കോടതിയെ സമീപിക്കുകയും അദ്ദേഹത്തിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ആജീവനാന്ത വിലക്ക്് പിന്‍വലിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം അദ്ദേഹം മുഖ്യധാരയില്‍ തിരിച്ചെത്തി. പക്ഷേ ഇപ്പോഴും പന്തയ ഭൂതം അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം തയ്യാറായപ്പോള്‍ ആ നോമിനേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ തള്ളിയിരുന്നു. പക്ഷേ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അദ്ദേഹം ക്രിക്കറ്റ് ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇടക്ക്് കോണ്‍ഗ്രസ് പ്രതിനിധിയായി മൊറാദാബാദില്‍ നിന്നും പാര്‍ലമെന്റിലെത്തി. ഇപ്പോാള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഉപദേഷ്ടാവാണ്. ഇന്ത്യ ദര്‍ശിച്ച മികച്ച നായകരില്‍ ഒരാളായ അസ്ഹര്‍ അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി ചരിത്രം രചിച്ച താരമാണ്. 99 ടെസ്‌റുകളാണ് അദ്ദേഹം രാജ്യത്തിനായി കളിച്ചത്. അവസാന ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കി വിരമിച്ച ഹൈദരാബാദുകാരനെതിരെ സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ വരെയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സെ ക്രോണിയ പ്രതിയായ പന്തയ കേസില്‍ അസ്ഹര്‍ പന്തയക്കാരുമായി ബന്ധപ്പെട്ടതിനും അവരില്‍ നിന്നും പണം സ്വീകരിച്ചതിനും തെളിവുണ്ടെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടപ്പോള്‍ ആന്ധ്ര ഹൈക്കടോതി അസ്ഹറിന്റെ വാദം അംഗീകരിച്ചു. എന്നിട്ടും അദ്ദേഹത്തെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അസ്ഹര്‍ രാഷ്ട്രീയത്തിലെത്തിയത്.