ഷാര്‍ജ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍നിന്ന് രോഹിത്ത് ശര്‍മ്മയെ മാറ്റിനിര്‍ത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. രോഹിത്തിനെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് അറിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി. പരുക്കു മൂലം രോഹിത്തിനേപ്പോലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പുറത്തിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാളിനെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളില്‍ ഉള്‍പ്പെടുത്തിയ സ്ഥാനത്താണ് രോഹിത്തിനെ പുറത്തിരുത്തിയിരിക്കുന്നതെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

പരുക്കാണ് കാരണമെന്ന് വ്യക്തമായി സൂചിപ്പിക്കാതെയാണ് രോഹിത്തിനെ ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളിലേക്ക് പരിഗണിക്കാതിരുന്നത്. രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരുടെ പുരോഗതി ബിസിസിഐ മെഡിക്കല്‍ സംഘം വിലയിരുത്തും എന്ന പരാമര്‍ശം മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ പ്രസ് റിലീസിലും ഉണ്ടായിരുന്നത്. എന്നാല്‍, രോഹിത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ച അന്നുതന്നെ, താരം നെറ്റ്‌സില്‍ പരിശീലിക്കുന്ന ചിത്രങ്ങളും വിഡിയോയും മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തതോടെയാണ് സംശയങ്ങള്‍ തലപൊക്കിയത്. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ഗാവസ്‌കര്‍ രംഗത്തെത്തിയത്.

ഒന്നര മാസത്തിനുശേഷം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രോഹിത് മുംബൈ ഇന്ത്യന്‍സിനായി ഇപ്പോഴും നെറ്റ്‌സില്‍ പരിശീലനം തുടരുമ്പോള്‍, ആ പരുക്ക് എന്തു തരത്തിലുള്ളതാണെന്ന് എനിക്കും മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ കുറച്ചുകൂടി സുതാര്യത വേണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.പരുക്കുമൂലം കിങ്‌സ് ഇലവന്‍ പഞ്ചാബ് തുര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുത്തിയ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളില്‍ ഇടംപിടിച്ചതും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.