News

ഗസ വെടിനിര്‍ത്തല്‍; രണ്ടാം ഘട്ട ചര്‍ച്ചകള്‍ നാളെ ആരംഭിക്കും

By webdesk13

February 02, 2025

ഗസ്സയില്‍ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായി നെതന്യാഹു ശനിയാഴ്ച വൈകുന്നേരം സംസാരിച്ചിരുന്നു.

കരാറില്‍ മാധ്യസ്ഥം വഹിക്കുന്ന ഖത്തറുമായും ഈജിപ്തുമായും സംസാരിക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടാനും രണ്ടാം ഘട്ട ചര്‍ച്ചയില്‍ തീരുമാനം കൈകൊള്ളും എന്നാണ് സൂചന. ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ മാര്‍ച്ച് ആദ്യം യുദ്ധം പുനരാരംഭിക്കും.

വൈദ്യസഹായം ആവശ്യമുള്ള ആയിരക്കണക്കിന് ഫലസ്തീനികള്‍ക്കായി ദീര്‍ഘനാളായി അടച്ചിട്ടിരിക്കുന്ന റഫ അതിര്‍ത്തി ക്രോസിങ് ഇന്നലെ വീണ്ടും തുറക്കുമെന്ന് ഗസയിലെ ഫലസ്തീന്‍ ആരോഗ്യ അധികാരികള്‍ പ്രഖ്യാപിച്ചു.

വടക്കന്‍ ഗസയിലേക്ക് പലസ്തീനികളുടെ തിരിച്ചുവരവിനും തകര്‍ന്ന പ്രദേശത്തിന് സഹായം വര്‍ധിപ്പിക്കുന്നതിനും ഇസ്രാഈല്‍ വഴിയൊരുക്കും. അതേസമയം ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും. വാഷിങ്ണില്‍ വെച്ചാണ് കൂടിക്കാഴ്ച.

നാലാം ഘട്ട കൈമാറ്റത്തില്‍ ഗസ മുനമ്പില്‍ ബന്ദികളാക്കിയ 3 പേരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചു. 2023 ഒക്ടോബര്‍ 7ന് ഇസ്രാഈലില്‍ നടന്ന ഹമാസ് ആക്രമണത്തിലാണ് മൂന്നുപേരെയും ബന്ദികളാക്കിയത്. പകരമായി, 183 പേരെ ഇസ്രാഈല്‍ വിട്ടയച്ചു. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് തടവുകാരെയും ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ച 81 പേ രും ഇസ്രാഈല്‍ മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇസ്രാഈലും ഹമാസും തമ്മിലുള്ള ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ബന്ദികളെ മോചിപ്പിക്കുന്നത്. പലസ്തീന്‍ തടവുകാരുടെ മോചനം ആഘോഷിച്ച 12 പേരെ ഇസ്രാഈല്‍ പൊലീസ് അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ വച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.