ഗസ്സ സിറ്റി: ഇസ്രഈല്‍-ഹമാസ് യുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ ഗസ്സ സിറ്റിയെ പൂര്‍ണമായും തകര്‍ത്തുവെന്ന് ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ്. എസ്. സന്തോഷ് കുമാര്‍ അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.
വെടിനിര്‍ത്തലിനുശേഷവും ഗസ്സയിലെ സ്ഥിതി കാര്യമായ മാറ്റമില്ലെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രഈല്‍ തകര്‍ത്തു. നഗരം പൂര്‍ണമായും തരിശ് നിലമായി മാറി. മനുഷ്യര്‍ കൂട്ടമായി ഒഴിഞ്ഞുപോകുകയാണെന്നും ഒരു മിസൈല്‍ ആക്രമണം നടന്നു കഴിഞ്ഞാല്‍ നൂറുകണക്കിന് ആളുകളാണ് മരിക്കുന്നതെന്നും, ഇപ്പോഴും ഒരു ടെന്റില്‍ 25 പേര്‍ വരെ അടുക്കി താമസിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയാണ് സ്ഥിതി, കുട്ടികളുടെ മരണമാണ് ഏറ്റവും വിഷമകരമെന്ന് ഡോക്ടര്‍ സന്തോഷ് കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ മൃതദേഹം കഴുതവണ്ടിയില്‍ കൂട്ടിയിട്ട് കൊണ്ടുവരികയാണ്. ഒരോ കുട്ടിയുടെയും ശരീരത്തില്‍ അമ്പതിലേറെ ബുള്ളറ്റുകള്‍ വീണിട്ടുണ്ട്. ചിലര്‍ തത്ക്ഷണം മരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ടെന്റുകളിലേക്കും മിസൈല്‍ ആക്രമണം നടന്നുവെന്ന് ഡോക്ടര്‍ സന്തോഷ് വ്യക്തമാക്കി.
മരുന്നും ഭക്ഷണവും ലഭ്യമല്ലാത്തതിനാല്‍ നിരവധി പേര്‍ മരിച്ചുവീഴുകയാണെന്നും, നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനത്തോളം ആണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളില്‍ ജോലി ചെയ്യുന്നത് അത്യന്തം ബുദ്ധിമുട്ടാണ്. ദുര്‍ബലമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് ഡോക്ടര്‍ സന്തോഷ് വ്യക്തമാക്കി.
രണ്ടാംഘട്ട വെടിനിര്‍ത്തലില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും, നിലവില്‍ ഗസ്സയിലെ ജനങ്ങള്‍ 20 കിലോമീറ്റര്‍ പരിധിക്കുള്ളിലായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ അവരെ പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു,എന്നാണ് ഡോക്ടര്‍ സന്തോഷിന്റെ വിലയിരുത്തല്‍.
അടുത്ത സേവനയാത്ര സുഡാനിലേക്കായിരിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. അവിടെ ഗസ്സയേക്കാളും ഗുരുതരമായ ആക്രമണങ്ങളാണ് നടക്കുന്നത്. വിവരങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴിയാണ് മാത്രമേ ലഭ്യമാകുന്നുള്ളൂ, എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.