News

ഗസ്സയിലെ മരണസംഖ്യ റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍; ആദ്യ 15 മാസത്തിനുള്ളില്‍ തന്നെ 75,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

By Manya

February 21, 2026

ഗസ്സ: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ ഏകദേശം 50 ശതമാനം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 72,000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നുവെങ്കിലും, ആദ്യ 15 മാസത്തിനുള്ളില്‍ തന്നെ 75,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കാലയളവില്‍ 49,090 മരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതെന്നും ഏകദേശം 26,000 മരണങ്ങളുടെ വ്യത്യാസമുണ്ടെന്നും പഠനം പറയുന്നു.

ജനസംഖ്യയുടെ ഏകദേശം 3.4 ശതമാനം പേര്‍ കൊല്ലപ്പെട്ടതായി വിലയിരുത്തുന്നു. കൊല്ലപ്പെട്ടവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും വയോധികരുമാണ്. 18 വയസിന് താഴെയുള്ളവര്‍ 22,800 പേരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പുറമെ നിരന്തരമായ സംഘര്‍ഷ സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും മൂലം 16,300ഓളം പേര്‍ മരണപ്പെട്ടതായും പഠനം പറയുന്നു.

ഏകദേശം 12,200 പേരെ കാണാതായിട്ടുണ്ടെന്നും, ഇവരില്‍ ഭൂരിഭാഗവും 18 മുതല്‍ 64 വയസുവരെ പ്രായമുള്ള പുരുഷന്മാരാണെന്നും പഠനം കണക്കാക്കുന്നു. ഗസ്സയിലെ മരണസംഖ്യ പെരുപ്പിച്ചാണെന്ന ആരോപണങ്ങള്‍ക്ക് വിരുദ്ധമായ കണ്ടെത്തലുകളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോഗ്രാഫിക് റിസര്‍ച്ച് നടത്തിയ മറ്റൊരു പഠനത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 1,12,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ആകെ മരണസംഖ്യ 1,86,000 കടക്കാമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു.