News

ഗസ്സ വംശഹത്യ: ഇസ്രായേലിന് പിന്തുണ നല്‍കിയ 15 കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍

By webdesk17

September 19, 2025

ഗസ്സ: ഗസ്സയില്‍ നടക്കുന്ന വംശഹത്യയും അന്താരാഷ്ട്ര നിയമലംഘനങ്ങളും അറിയാമെന്നും, അതിനിടയിലും ഇസ്രായേലിന് പിന്തുണ നല്‍കുന്ന 15 പ്രമുഖ കമ്പനികളുടെ പേര് പുറത്തുവിട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനുമായാണ് ഇവര്‍ ഇത്തരം പിന്തുണ നല്‍കുന്നതെന്ന് സംഘടന വ്യക്തമാക്കി.

യുഎസ് ബഹുരാഷ്ട്ര കമ്പനികളായ ബോയിംഗ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ഇസ്രായേലി ആയുധ കമ്പനികളായ എല്‍ബിറ്റ് സിസ്റ്റംസ്, റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ), ചൈനീസ് കമ്പനിയായ ഹിക്വിഷന്‍, സ്പാനിഷ് നിര്‍മ്മാതാക്കളായ കണ്‍സ്ട്രൂഷ്യോണ്‍സ് വൈ ഓക്‌സിലിയര്‍ ഡി ഫെറോകാരില്‍സ് (സിഎഎഫ്), ദക്ഷിണ കൊറിയന്‍ കമ്പനിയായ എച്ച്ഡി ഹ്യുണ്ടായ്, യുഎസ് സോഫ്റ്റ്വെയര്‍ കമ്പനിയായ പാലന്തിര്‍ ടെക്‌നോളജീസ്, ഇസ്രായേലി ടെക്‌നോളജി സ്ഥാപനമായ കോര്‍സൈറ്റ്, ഇസ്രായേലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജല കമ്പനിയായ മെക്കോറോട്ട് എന്നിവയാണ് ആംനസ്റ്റി പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍.

ഗസ്സയിലെ വ്യോമാക്രമണങ്ങളില്‍ ബോയിംഗ് നിര്‍മ്മിച്ച ബോംബുകളും ഗൈഡന്‍സ് കിറ്റുകളും ഉപയോഗിച്ചതായി ആംനസ്റ്റി രേഖപ്പെടുത്തി. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച എഫ്-16, എഫ്-35 യുദ്ധവിമാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലിലെ പ്രധാന ആയുധ നിര്‍മ്മാതാക്കളായ എല്‍ബിറ്റ്, റാഫേല്‍, ഐഎഐ എന്നിവ വര്‍ഷം തോറും കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈന്യത്തിന് നല്‍കുന്നുണ്ട്.

ഇസ്രായേലിലേക്കുള്ള ആയുധങ്ങള്‍, സൈനിക-സുരക്ഷാ ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, എഐ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ വിതരണം ഉടന്‍ നിരോധിക്കണം എന്ന് ആംനസ്റ്റി രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ വംശഹത്യക്കും വര്‍ണ്ണവിവേചനത്തിനും പിന്തുണ നല്‍കുന്ന കമ്പനികളുമായി വ്യാപാരവും നിക്ഷേപവും നിര്‍ത്തണമെന്നും സംഘടന വ്യക്തമാക്കി.