kerala

ഗസ്സ വംശഹത്യ; ഒന്നാം ഘട്ടം വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഹമാസും ഇസ്രാഈലും

By webdesk18

October 09, 2025

ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു. എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും, ഇസ്രായേൽ അവരുടെ സൈന്യത്തെ ധാരണ പ്രകാരം പിൻവലിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ബന്ദികളെ വിട്ടയക്കുമെന്നാണ് വിവരം.

ആദ്യ ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിൽ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വെടിനിർത്തൽ കരാറിൻറെ ഭാഗമായി മോചിപ്പിക്കും. ഹമാസും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു. കരാർ ഇന്ന് ചേരുന്ന യുദ്ധ കാബിനറ്റിൽ ചർച്ചക്കിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.