News

ടി-20 ലോകകപ്പ് ടീമിൽ നിന്ന് ഗിൽ പുറത്ത്; അവസാന നിമിഷം അറിയിപ്പ്, മാനസികമായി തകർന്നെന്ന് റിപ്പോർട്ട്

By webdesk17

December 22, 2025

മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഏകദിന–ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ടീം പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് താൻ ടീമിലുണ്ടാകില്ലെന്ന കാര്യം ഗിൽ അറിഞ്ഞതെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച ഉച്ചയോടെയാണ് ടീം മാനേജ്മെന്റ് ഗില്ലിനെ തീരുമാനം അറിയിച്ചത്. രണ്ട് മണിക്ക് നടന്ന പത്രസമ്മേളനത്തിലാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്. ടീമിൽ ഇടംപിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഗിൽ. എന്നാൽ അവസാന നിമിഷം ലഭിച്ച അറിയിപ്പ് താരത്തെ മാനസികമായി തകർത്തുവെന്നാണ് സൂചന.

ഏഷ്യാകപ്പ് സമയത്ത് ടീമിലെത്തിയ ഗില്ലിന് ഓപ്പണർ സ്ഥാനത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് മുൻതാരങ്ങളടക്കമുള്ളവർ ഗില്ലിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. എങ്കിലും ടീമിലേക്കുള്ള സാധ്യത നിലനിൽക്കുമെന്ന് ഗിൽ കരുതിയിരുന്നു.

പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ നിന്ന് ഗില്ലിനെ ഒഴിവാക്കിയിരുന്നു. എന്നാൽ അവസാന മത്സരം കളിക്കാൻ താരം സന്നദ്ധനായിരുന്നെങ്കിലും ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ഓപ്പണറായെത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തുകയും ചെയ്തു.

ഇതിനിടെ, ജനുവരിയിൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുണ്ട്. ഈ പരമ്പരയിൽ ക്യാപ്റ്റനായി ഗിൽ തിരിച്ചെത്തുമെന്നാണ് വിവരം. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഗിൽ കളിച്ചിരുന്നില്ല.