പുനലൂര്‍: പേവിഷ ബാധയെ തുടര്‍ന്ന് എട്ട് വയസ്സുകാരി മരിച്ച സംഭവത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടിനുമെതിരെ ബാലികയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. കുന്നിക്കോട് ശാസ്ത്രിജങ്ഷന്‍ ജാസ്മിന്‍ മന്‍സിലിലെ എന്‍. ഹബീറയാണ് പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഏപ്രില്‍ 8 ന് ഹബീറയുടെ മകള്‍ നിയ ഫൈസലിനെ തെരുവ് നായയുടെ കടിയേറ്റ്് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവം ലഘുവായി കാണുകയും മുറിയുടെ ആഴം വിലയിരുത്താതെയും അടിയന്തിര വിഭാഗത്തിലെ ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കുകയായിരുന്നുവെന്നും ഹബീറ പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് തിരുവന്തപുരം എസ്.എ.ടിആശുപത്രിയില്‍ ചികത്സയ്ക്കായി നിയയെ മാറ്റിയെങ്കിലും, ചികിത്സയ്ക്കിടെ മെയ് 5 ന് ബാലിക മരണപ്പെട്ടു. നാലുമാസം മുന്‍പ് വിവരവകാശവിയമപ്രകാരം ചികിത്സാ രേഖകളും ഇന്‍ജക്ഷന്‍ നല്‍കിയ ഡോക്ടര്‍മാരുടെ പേരുകളും മരുന്നിന്റെ പേരുകളും മരുന്നിന്റെ ബാച്ച് നമ്പറുകളും ആവശ്യപ്പെട്ട് ഹബീറ അപേക്ഷ നല്‍കിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ‘ഒ പി ചികിത്സാ രേഖകള്‍ സൂക്ഷിക്കാറില്ല’ എന്ന ന്യായം കാണിച്ച് അധികൃതര്‍ മറുപടി നല്‍കിയതായി ഹബീറ ആരോപിച്ചു. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പരസ്പരം സഹകരിച്ച് തെറ്റുകള്‍ മറച്ചുവെയ്ക്കുകയാണെന്നും, ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഹബീറ പരാതിയില്‍ ആരോപിക്കുന്നു. ഡോക്ടര്‍മാരെ സംരക്ഷിച്ചതിനായി ആശുപത്രി സൂപ്രണ്ടിനെയും പ്രതിച്ചേര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.