kerala

‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്‍

By Akhila

February 14, 2026

മലപ്പുറം: ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് പുറത്ത് വരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയില്‍ കൊടുത്തത്. അയ്യപ്പന്റെ പേരില്‍ മുഖ്യമന്ത്രി തട്ടിപ്പ് നടത്തേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ഉത്തരവാദി ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ട്. ദേവസ്വം ബോര്‍ഡ് വാര്‍ത്താ കുറിപ്പ് ഇറക്കാതെ കൃത്യമായി കണക്ക് കോടതിയില്‍ കൊടുക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണ് ഇത്. സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെങ്കില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതില്‍ ശ്രദ്ധിക്കണമായിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.