Health

ജെന്‍ സി തലമുറ മദ്യത്തിനേക്കാള്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവരെന്ന് ആഗോള റിപ്പോര്‍ട്ട്

By webdesk17

October 30, 2025

മദ്യപാനശീലം വിട്ട് ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവരാണ് പുതിയ തലമുറയായ ജെന്‍ സി എന്നാണ് പുതിയ ആഗോള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യ ഉപയോഗത്തിനുള്ള നിയമം അനുവദിച്ച പ്രായത്തിലുള്ളവരില്‍ 36 ശതമാനം പേരും ഇതുവരെ മദ്യം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ദീര്‍ഘകാല ആരോഗ്യസംരക്ഷണമാണ് ഈ ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന് പിന്നിലെ പ്രധാന കാരണം എന്ന് പഠനം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ ഭാഗമായി 97 ശതമാനം യുവാക്കള്‍ ഫിറ്റ്നസ് നിലനിര്‍ത്താനും പതിവായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ് മദ്യം ഒഴിവാക്കിയതെന്ന് പറഞ്ഞു. സാമ്പത്തിക സൂക്ഷ്മതയും പ്രധാന ഘടകമാണ്. 30 ശതമാനം പേര്‍ പണം ലാഭിക്കാന്‍ വേണ്ടിയും 25ശതമാനം പേര്‍ നല്ല ഉറക്കത്തിനും മാനസികാരോഗ്യത്തിനുമായി മദ്യപാനം ഒഴിവാക്കുന്നവരാണെന്ന് പഠനം പറയുന്നു. യുവാക്കള്‍ക്കിടയില്‍ പുതിയൊരു പ്രവണതയും വളര്‍ന്നുവന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘സീബ്ര സ്പിറ്റിങ് ‘എന്ന ആല്‍ക്കഹോളിക് നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ മാറിമാറി ഉപയോഗിക്കുന്ന മദ്യപാനരീതി. മദ്യത്തിന്റെ അമിത ഉപഭോഗം കുറയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. പതിവായി മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2020 ല്‍ 23 ശതമാനമായിരുന്ന ആഴ്ചതോറുമുള്ള മദ്യപാനികളുടെ നിരക്ക് 2025ല്‍ 17 ശതമാനമായി കുറഞ്ഞു. അതേസമയം, പ്രത്യേക അവസരങ്ങളില്‍ മാത്രം മദ്യം കഴിക്കുന്നവരില്‍ 53 ശതമാനം പേരും മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ ബോധവല്‍ക്കരണ പ്രവണതയ്ക്കൊപ്പം തന്നെ ഇന്ത്യയില്‍ ആല്‍ക്കഹോള്‍ വിപണി അതിവേഗം വളരുന്ന സ്ഥിതിയിലാണ്. 2029 ഓടെ രാജ്യത്തെ മദ്യ ഉപഭോഗം 357 മില്യണ്‍ യൂണിറ്റായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2014 ല്‍ ആഗോളതലത്തില്‍ ഈ സംഖ്യ 253 മില്യണ്‍ ആയിരുന്നു.