kerala

സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും, സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് പരിമിതിയുണ്ട് – ഹൈക്കോടതി

By webdesk17

March 18, 2025

സിനിമയിലെ വയലന്‍സുകള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി. അതേസമയം സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കുമെന്നും അത്തരം സിനിമകള്‍ ചെയ്യുന്ന സംവിധായകരോ, നിര്‍മ്മാതാക്കളോ ആണ് അതേകുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി സിനിമയിലെ വയലന്‍സുകളെ കുറിച്ച് അഭിപ്രായപ്പെട്ടത്. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ ആളുകളെ സ്വാധീനിക്കുന്നുണ്ടെന്ന വാദം സിനിമ മേഖലകളില്‍ നിന്നും ഉയര്‍ന്നിരുന്നെന്നും സിനിമ മാതൃകയാക്കി മയക്കുമരുന്നിന്റെ ഉപയോഗവും കൂടിയതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമ നയരൂപീകരണത്തിന്റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി രേഖപെടുത്താന്‍ എസ്.ഐ.ടി ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എസ്.ഐ.ടി മൊഴി നല്‍കുന്നതിന് നിര്‍ബന്ധിക്കുന്നുവെങ്കില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ നേരിട്ട് സമീപിക്കാമെന്നും കോടതി അറിയിച്ചു.