ഫുകേത്: ഗോവയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ നിശാക്ലബ്ബില്‍ ഉണ്ടായ ഭീകര അഗ്‌നിബാധയില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, തായ്ലാന്‍ഡിലേക്ക് രക്ഷപ്പെട്ടിരുന്ന ക്ലബ്ബ് ഉടമകളായ സൗരഭ് ലൂത്രയും സഹോദരന്‍ ഗൗരഭ് ലൂത്രയും ഫുകേതില്‍ അറസ്റ്റിലായി. അഞ്ചുദിവസത്തെ ഒളിവിന് ശേഷം ഇന്റര്‍പോള്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തായ് അധികാരികള്‍ പിടികൂടിയത്.
ശനിയാഴ്ച രാത്രിയായിരുന്നു നോര്‍ത്ത് ഗോവയിലെ ഈ ക്ലബ്ബില്‍ വലിയ അഗ്‌നിബാധ ഉണ്ടായത്. സംഭവം നടന്നതിനു വെറും അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ ഇരു സഹോദരങ്ങളും രാജ്യം വിടാന്‍ സാധിച്ചു. ദില്ലിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്തത്.
രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചതിനെ ചുറ്റിപ്പറ്റി ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് ഗോവ പൊലീസ് ഇന്റര്‍പോള്‍ സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും തിരികെ ഇന്ത്യയിലെത്തിക്കാന്‍ ഗോവ പൊലീസിന്റെ ഒരു സംഘം തായ്ലാന്‍ഡില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍, ഡിസംബര്‍ 7ന് രാത്രി 1.17ന് ഇവര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായാണ് കണ്ടെത്തിയത്. അതേസമയം, അഗ്‌നിബാധ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേന പണിപ്പെടുമ്പോഴായിരുന്നു ഉടമകളുടെ വിദേശയാത്ര. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു.
ഇതിനിടെ ദില്ലിയിലെ രോഹിണി കോടതിയില്‍ അവര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അഗ്‌നിബാധ രൂക്ഷമാകാന്‍ പ്രധാന കാരണം എന്ന് കണ്ടെത്തിയിരുന്നു. എമര്‍ജന്‍സി എക്സിറ്റ്, അഗ്‌നിനിയന്ത്രണ ഉപകരണങ്ങള്‍, വിശാലമായ വാതിലുകള്‍ എന്നിവ ക്ലബ്ബില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു ഭക്ഷണശാലയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഗോവ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊളിച്ച് നീക്കിയിട്ടുണ്ട്.