പനാജി: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഗോവ സര്‍ക്കാര്‍ ആലോചിക്കുന്നു. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയയുടെ പുതിയ നിയമം (Online Safety Amendment Act) പഠിച്ചു വരികയാണെന്ന് ഗോവ ഐടി മന്ത്രി റോഹന്‍ ഖൗണ്ടെ അറിയിച്ചു.
ഓസ്ട്രേലിയയിലെ നിയമം സംബന്ധിച്ച രേഖകള്‍ ഐടി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിലെ നിയമവശങ്ങളെക്കുറിച്ച് പഠിച്ച ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ക്ക് അടിമകളാകുന്നതും അത് അവരുടെ പഠനത്തെയും സ്വകാര്യതയെയും ബാധിക്കുന്നതായും നിരവധി പരാതികള്‍ രക്ഷിതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ശ്രദ്ധ പഠനത്തിലും ആധുനിക സാങ്കേതികവിദ്യകളിലും (AI പോലുള്ളവ) കേന്ദ്രീകരിക്കുന്നതിലൂടെ അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഖൗണ്ടെ പറഞ്ഞു.
സമാനമായ രീതിയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും നേരത്തെ തീരുമാനിച്ചിരുന്നു.
ഓസ്ട്രേലിയ നടപ്പിലാക്കിയ നിയമപ്രകാരം, സമൂഹമാധ്യമ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് ഇല്ലെന്ന് ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഏകദേശം 275 കോടി രൂപ (49.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍) വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.