Video Stories

ആദായനികുതി റെയ്ഡ്: ഗോകുലം ഗ്രൂപ്പില്‍ നിന്ന് കണ്ടെത്തിയത് 1100 കോടി രൂപ

By chandrika

April 22, 2017

പ്രമുഖ ഫൈനാന്‍സിങ് സ്ഥാപനമായ ഗോകുലം ഗ്രൂപ്പില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് 1100 കോടി രൂപയുടെ കള്ളപ്പണം. പിഴയടക്കാമെന്ന് ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലം നല്‍കി. നികുതിയിനത്തില്‍ 330 കോടി രൂപയും പിഴയും ഗോകുലം ഗ്രൂപ്പ് അടക്കേണ്ടി വരും.

ഗോകുലം ഫിനാന്‍സിന്റെ രാജ്യമെമ്പാടുമുള്ള ശാഖകളില്‍ നടന്ന റെയ്ഡിലാണ് കള്ളപ്പണം പിടികൂടിയത്. ഗോകുലം ഫിനാന്‍സിന്റെ 30 ശാഖകളിലും തമിഴ്‌നാട്ടിലെ 25 ശാഖകളിലുമാണ് ഒരേസമയം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഏപ്രില്‍ 19നാണ് ആദായവകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ശാഖകളില്‍ അന്വേഷണം ആരംഭിച്ചത്.

ആദായ വകുപ്പിന് ലഭിച്ച പരാതിയിന്മേലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി ആദായ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ഗോകുലം ഗ്രൂപ്പ്. തുടര്‍ന്നാണ് റെയ്ഡ് നടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. ഗോകുലം ഗോപാലന്റെ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള വീടുകളിലും പരിശോധന നടത്തിയിരുന്നു.