നെടുമ്പാശ്ശേരി: ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ പിടികൂടി. വ്യാപകമായി സംഘം ചേര്‍ന്ന് സ്വര്‍ണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഡി.ആര്‍.ഐയുടെ പരിശോധന.
റാസല്‍ ഖൈമയില്‍ നിന്നും വന്ന ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് ഒളിപ്പിച്ച നിലയില്‍ 625 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് നീക്കം.
റാസല്‍ ഖൈമയില്‍ നിന്നും എത്തിച്ച സ്വര്‍ണം കസ്റ്റംസ് പരിശോധന ഒഴിവാക്കി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതെങ്കിലും യാത്രക്കാരെ ഉപയോഗിച്ചോ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ പുറത്തു കടത്താനാകാം ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. സംഭവത്തില്‍ വിമാനത്തിനകത്ത് ശുചീകരണ ചുമതലയുള്ളവരെയും ചോദ്യം ചെയ്യും.