kerala

ചരിത്രം കുറിച്ച് സ്വര്‍ണവില; 70,000 കടന്നു

By webdesk17

April 12, 2025

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ചരിത്രത്തിലാദ്യമായി പവന് 70,000 രൂപ കടന്നു. ഇന്ന് 200 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 70,160 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി.

കഴിഞ്ഞ മൂന്നു ദിവസം സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധന ഉണ്ടായതോടെ സ്വര്‍ണം വാങ്ങിക്കാനുള്ളവരില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവന്‍ വില ഇന്നലെ 1480 രൂപ കൂടി ഉയര്‍ന്നു.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയുടെ മേല്‍ അമേരിക്ക ചുമത്തിയ താരിഫ് വര്‍ധനവ്, അന്താരാഷട്ര നിയമങ്ങളുടെയും സാമ്പത്തിക വ്യാപാര നിയമങ്ങളുടെ ലംഘനവും ഏകപക്ഷീയവുമാണെന്ന് ചൈനീസ് സാമ്പത്തിക മന്ത്രാലയം പ്രതികരിച്ചിരുന്നു. അമേരിക്ക ഇനിയും പ്രകോപനപരമായ നടപടികള്‍ തുടര്‍ന്നാല്‍ പ്രതിരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തിരുന്നു.