കൊച്ചി: റെക്കോര്‍ഡ് വിലയില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ച് കയറി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചതോടെ, സ്വര്‍ണത്തിന്റെ പുതിയ വില ഗ്രാമിന് 11,500 രൂപയും പവന് 92,000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 25 രൂപ കൂടി 9,505 രൂപയായി. റഷ്യന്‍ കമ്പനികളില്‍ യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,122.8 ഡോളറായി. കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം ഇടിഞ്ഞിരിന്നു. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 1.7 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഈ വര്‍ഷം ആഗോള വിപണിയില്‍ സ്വര്‍ണവില 57 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഉയര്‍ന്ന ന്രക്ക് ട്രോയ് ഔണ്‍സിന് 4,381 ഡോളറായിരുന്നു.വെള്ളിയുടെ വിലയും അന്താരാഷ്ട്ര വിപണിയില്‍ കൂടി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്വര്‍ണവില നാലുതവണയാണ് താഴ്ന്നത്. മൊത്തത്തില്‍ 5,640 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഇടിഞ്ഞ് യഥാക്രമം 11,465 രൂപയും 91,720 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രാവിലെ പവന് 1,520 രൂപ ഉയര്‍ന്ന് 97,360 രൂപയിലെത്തിയതോടെ സ്വര്‍ണം എക്കാലത്തെയും റെക്കോഡ് നിരക്കിലെത്തി. എന്നാല്‍ വൈകീട്ട് പവന് 1,600 രൂപയും ഗ്രാമിന് 200 രൂപയും കുറഞ്ഞ് 95,760 രൂപയും 11,970 രൂപയുമായിത്തീര്‍ന്നു. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിവ് രേഖപ്പെടുത്തി.രാവിലെ ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയും കുറഞ്ഞ് യാഥാക്രമം 11,660 രൂപയും 93,280 രൂപയുമായിരുന്നു, ഉച്ചയ്ക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞതോടെ യഥാക്രമം 11,540 രൂപയും 92,320 രൂപയുമായി.