kerala

80,000 കടന്ന് സ്വര്‍ണവില; സര്‍വകാല റെക്കോര്‍ഡില്‍

By webdesk17

September 09, 2025

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നാണ് ചരിത്രം കുറിച്ചത്. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വര്‍ധിച്ച് 80,880 രൂപയുമായി. എക്കാലത്തെയും ഉയര്‍ന്ന വില നിലവാരത്തില്‍ ആണ് ഇന്ന് സ്വര്‍ണം.

ഇന്നലെ രാവിലെ സ്വര്‍ണ്ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചക്ക്‌ശേഷം 50 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. 2022 ഡിസംബര്‍ 29ന് 5005 രൂപ ഗ്രാമിനും 40040 രൂപ പവനും വിലയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1811 ഡോളറില്‍ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളിലാണ് സ്വര്‍ണ്ണവില ഇരട്ടിയായി 10000 രൂപ കടക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3645 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88 ആണ്.

ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടങ്ങിയ കാരണങ്ങളെല്ലാം സ്വര്‍ണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതാണ് വില വര്‍ധനവിന്റെ പ്രധാന കാരണം.