kerala

ലക്ഷം കടന്ന് സ്വര്‍ണവില; പവന് 1760 രൂപയുടെ വര്‍ധനവ്

By webdesk17

December 23, 2025

സംസ്ഥാനത്ത് കുതിച്ച് കയറി സ്വര്‍ണവില. ഒരു ലക്ഷവും കടന്നതോടെ 1,01,600 രൂപയായി ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഗ്രാമിന് 220 രൂപയുടെ വന്‍ വര്‍ധനവാണ് ഇന്നുണ്ടായത്. 12,700 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 1760 രൂപയുടെ വര്‍ധനവും ഇന്ന് രേഖപ്പെടുത്തി.

ആഗോള വിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില ഉയര്‍ന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4480 ഡോളര്‍ പിന്നിട്ടു. നിലവില്‍ 4,486 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 3.37 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടായത്.

കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. കേരളത്തില്‍ ഒരു വര്‍ഷം നടക്കുന്ന വിറ്റു വരവ് 125-150 ടണ്ണിലധികവും. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകളും,യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കു വന്ന സൂചനകളും, ഡോളറിന്റെ മൂല്യ ശോഷണവും, അന്താരാഷ്ട്ര സംഘര്‍ഷങ്ങളും, സ്വര്‍ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റിയതാണ് വില ഉയരുന്നതിന്റെ കാരണം.

2020ല്‍ 40,000 രൂപ വില ഉണ്ടായിരുന്ന സ്വര്‍ണം 5 വര്‍ഷത്തിനുശേഷം 60,000ത്തിനു മുകളില്‍ രൂപയാണ് വര്‍ധിച്ചത്. 2020ല്‍ 2000 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. അഞ്ചുവര്‍ഷത്തിനുള്ളില്‍ 2500 ഡോളര്‍ ആണ് അന്താരാഷ്ട്ര വില വര്‍ധിച്ചത്. 2020ല്‍ രൂപയുടെ വിനിമയ നിരക്ക് 71ല്‍ നിന്നും 91ലേക്ക് എത്തിയതും ആഭ്യന്തര സ്വര്‍ണവില ഉയരുന്നതിന് കാരണമായി.

അന്താരാഷ്ട്ര സ്വര്‍ണവില ഇപ്പോള്‍ 4487 ഡോളറിലാണ്. വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാം. 4500 ഡോളര്‍ കടന്നു മുന്നോട്ട് നീങ്ങിയാല്‍ വീണ്ടും വലിയതോതില്‍ വില വര്‍ധിക്കാനാണ് സാധ്യത.