കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് ഗ്രാമിന് 75 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 12,350 രൂപയായി. ഇതോടെ പവന്റെ വിലയിൽ 600 രൂപയുടെ ഉയർച്ച രേഖപ്പെടുത്തി 98,800 രൂപയിലെത്തി.
ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 98,400 രൂപയായിരുന്നു വില.
ആഗോള വിപണിയിലും സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. തിങ്കളാഴ്ച സ്‌പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 4,320.65 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.6 ശതമാനം ഉയർന്ന് 4,354 ഡോളറായും വർധിച്ചു. ഡോളറിന്റെ കരുത്ത് കുറയുന്നതും യു.എസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
ഇതിനൊപ്പം ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ പെൻഷൻ ഫണ്ട് നിക്ഷേപത്തിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകമായി മാറുകയാണ്. ഇത് യാഥാർഥ്യമായാൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രൂപയുടെ മൂല്യം ഇടിയുന്നതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.