സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍ എത്തി. ഇന്നലെ ആദ്യമായി ഒരു ലക്ഷം രൂപ കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഇന്ന് പവന് 280 രൂപ കൂടി 1,01,880 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,735 രൂപയിലെത്തി. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
പവന് 1,760 രൂപ വര്‍ധിച്ചതോടെയായിരുന്നു ആ ചരിത്രനേട്ടം. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ 9ാം തീയതി 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളിലായി വില ഉയരുന്നതാണ് ദൃശ്യമായത്.ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ്.
ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.