News

വീണ്ടും കുതിച്ചു സ്വര്‍ണവില; ഒറ്റയടിക്ക് 1840 രൂപയുടെ വര്‍ധന

By Manya

March 07, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് പവന്‍ 1,20,000 രൂപയില്‍ എത്തി. ഇന്ന് ഒറ്റയടിക്ക് 1840 രൂപയാണ് പവന് വില വര്‍ധിച്ചത്. ഗ്രാമിന് 230 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15,000 രൂപയായി.

ഈ മാസം ഒന്നിന് പവന്‍ സ്വര്‍ണത്തിന്റെ വില 1,26,920 രൂപയായിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കും അതാണ്. തുടര്‍ന്ന് ആറുദിവസത്തിനിടെ 8000 രൂപയ്ക്ക് മേല്‍ വില ഇടിഞ്ഞിരുന്നു. ആ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതോടെ സ്വര്‍ണവില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇന്നലെവരെ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വര്‍ണം വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതും വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ പവന്‍ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ ഇതുവരെ ഉള്ള റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.