News

വീണ്ടും ഒരുലക്ഷത്തേക്ക് കുതിച്ച് സ്വര്‍ണ വില

By webdesk17

January 02, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന്റെ വില 99,880 രൂപയായി ഉയര്‍ന്നതോടെ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് അടുത്തെത്തി. ഇന്നലെയെക്കാള്‍ പവന് 840 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.

ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് സമീപം ചെലവാകും. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനൊരുങ്ങുന്ന ഉപഭോക്താക്കള്‍ കടുത്ത ആശങ്കയിലാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഡോളറിന്റെ മൂല്യം താഴ്ന്നതാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യം തുടര്‍ന്നുനില്‍ക്കുന്നതും വിലവര്‍ധനയ്ക്ക് വഴിവെച്ചു. ഇതിന് പുറമെ, ചൈന വലിയ തോതില്‍ സ്വര്‍ണം വാങ്ങി സംഭരിക്കുന്നതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അന്താരാഷ്ട്ര സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവ, നികുതികള്‍, വിനിമയ നിരക്കുകളിലെ മാറ്റങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങള്‍.