കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന്‍ സ്വര്‍ണത്തിന് 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,720 രൂപയായി. ഗ്രാമിന് 65 രൂപ ഉയര്‍ന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,715 രൂപയായി. റെക്കോര്‍ഡുകള്‍ തിരുത്തി നേരത്തെ ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറയുകയും, ഈ മാസം അഞ്ചിന് വീണ്ടും ലക്ഷം കടക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന നിലയില്‍ തുടരുന്ന വില, പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വിലയില്‍ തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് ഇതുവരെ ഉള്ള സര്‍വകാല റെക്കോര്‍ഡ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടികള്‍ ഉള്‍പ്പെടെയുള്ള ആഗോള സംഭവവികാസങ്ങളാണ് വില വര്‍ധനയ്ക്ക് പിന്നില്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമാകുന്നുണ്ട്.