കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,800 രൂപയായാണ് തുടരുന്നത്. ഗ്രാമിന് 14,475 രൂപയാണ് നിരക്ക്. എന്നാല്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും. ജനുവരി അവസാനത്തോടെ രേഖപ്പെടുത്തിയ വന്‍ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു.
ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലേക്കാണ് പവന്‍ വില താഴ്ന്നത്. എന്നാല്‍ പിന്നീട് ഒരാഴ്ചയ്ക്കിടെ 7,880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരി 29ന് 1,31,160 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട വിലക്കുതിപ്പിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയത് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു.
ഡോളറിന്റെ നേരിയ ശക്തിപ്പെടലും വിലത്താഴ്ചയ്ക്ക് കാരണമായി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം തിരിച്ചുവരവിന്റെ സൂചനകളോടെ ട്രോയ് ഔണ്‍സിന് 5,024 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. കനത്ത ഇടിവിന് ശേഷം വെള്ളിയും ഉയര്‍ന്നു, ട്രോയ് ഔണ്‍സിന് 81.4 ഡോളര്‍ എന്ന നിലയിലാണ് വില. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്