kerala

സ്വര്‍ണവില പിടിവിട്ട് താഴോട്ട്; ഉച്ചയ്ക്ക് ശേഷം കുറഞ്ഞു

By Akhila

January 23, 2026

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. രാവിലെ 495 രൂപ വര്‍ധിച്ച ഗ്രാം വിലയില്‍ ഉച്ചയ്ക്ക് 235 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 14,405 രൂപയായി. 14,640 രൂപയിലായിരുന്നു ഉച്ചയ്ക്ക് ഒന്നരവരെ വ്യാപാരം. പവന് 1,880 രൂപ കുറഞ്ഞ് വില 1,15,240 രൂപയിലെത്തി. രാവിലെ വില 3,960 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 1,17,120 രൂപയായിരുന്നു.

ലാഭമെടുപ്പിനെ തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില 4,966 ഡോളറില്‍ നിന്ന് ഔണ്‍സിന് 4,903 ഡോളറിലേക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഉച്ചയ്ക്ക് വില താഴ്ന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവില ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം ഉച്ചയ്ക്ക് ഗ്രാമിന് 195 രൂപ താഴ്ന്ന് 11,915 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 340 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഉച്ചയ്ക്ക് ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയാണ്. വെള്ളി വില ഇവരും ഉച്ചയ്ക്ക് പരിഷ്‌കരിച്ചില്ല, ഗ്രാമിന് 340 രൂപ. രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. വില ഉച്ചയ്ക്ക് 2 മണിയോടെ 4,924 ഡോളറിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയും മെച്ചപ്പെട്ടാല്‍ ഇന്നു വീണ്ടും കേരളത്തില്‍ സ്വര്‍ണവില മാറിയേക്കാം.