കൊച്ചി: ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലാണ് സ്വര്‍ണവില എത്തിയത്. ഇതോടെ പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 3.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,703.27 ഡോളറിലെത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നേരത്തെ സ്വര്‍ണം റെക്കോര്‍ഡ് ഉയരമായ 5,594.28 ഡോളര്‍ വരെ എത്തിയിരുന്നു.
അതേസമയം, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 4,729.20 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ കരുത്താര്‍ജ്ജനമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ, യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ഡോണള്‍ഡ് ട്രംപ് കെവിന്‍ വാഷിനെ നിയമിച്ചതും വിപണിയെ സ്വാധീനിച്ചു. പലിശനിരക്ക് ഉയര്‍ത്തണമെന്ന് വാദിക്കുന്ന വ്യക്തിയാണ് കെവിന്‍ വാഷ്. ഫെഡറല്‍ റിസര്‍വിന്റെ നേതൃത്വത്തില്‍ അദ്ദേഹം എത്തുകയാണെങ്കില്‍ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് നിലവിലെ വിലയിടിവിന് മറ്റൊരു പ്രധാന കാരണം. ഈ സാഹചര്യങ്ങളാണ് ആഗോള വിപണിയെയും അതുവഴി കേരളത്തിലെ സ്വര്‍ണവിലയെയും താഴേക്ക് നയിക്കുന്നത്.