News

സ്വര്‍ണവില കുത്തനെ താഴേക്ക്; പവന് 960 രൂപ കുറഞ്ഞു

By Manya

February 16, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയായി. പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 98 രൂപ കുറഞ്ഞ് 11,733 രൂപയായി. വെള്ളിക്കും വില കുറവുണ്ടായി. ഗ്രാമിന് 268 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ട്രോയ് ഔണ്‍സിന് 0.87 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,997.9 ഡോളറായതാണ് വില.

രണ്ടുദിവസത്തെ ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ച് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ശനിയാഴ്ച ഉയര്‍ന്നത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 240 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞിരുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ റെക്കോഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണവില ലക്ഷം രൂപ കടന്നത്. പത്ത് ദിവസം മുമ്പ് 1.17 ലക്ഷം രൂപയിലെത്തിയ സ്വര്‍ണം പിന്നീട് 1.11 ലക്ഷത്തോളം കുറഞ്ഞിരുന്നു. അതിനുശേഷം വീണ്ടും ഉയര്‍ന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തുകയാണ്.