കൊച്ചി: സ്വർണവില ഉയർന്ന നിരക്കുകളിൽ നിന്ന് തുടർച്ചയായി നാലാംദിവസവും താഴോട്ട് ഇറങ്ങി. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,990 രൂപയും പവന് 1,19,920 രൂപയുമായി.
ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. അന്ന് ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.
ഇസ്രാഈൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് പവന് 8,440 രൂപ വരെ വർധിച്ചിരുന്നു. എന്നാൽ തുടർന്ന് സ്വർണവില കുത്തനെ തിരിച്ചിറങ്ങി. കഴിഞ്ഞ നാലുദിവസം കൊണ്ട് മാത്രം പവന് 7,000 രൂപയാണ് കുറഞ്ഞത്.
അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് വിലവർധന രേഖപ്പെടുത്തി. 71.35 ഡോളർ കൂടി 5,183.71 ഡോളറായാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വർധന.
ഡോളറിനെതിരെ ഇന്നലെ കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതിൽ തിരിച്ച് കയറി. ഇന്ന് ഒരു യു.എസ് ഡോളറിന് 91.61 രൂപയാണ് വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണം രേഖപ്പെടുത്തിയ രൂപയുടെ വിനിമയ നിരക്ക് 92.27 രൂപയായിരുന്നു.