News

കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു

By Manya

March 02, 2026

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു. കൊച്ചിയില്‍ ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയായി. പവന്റെ വില 2,400 രൂപ ഇടിഞ്ഞ് 1,24,520 രൂപയായി. മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതിയുയര്‍ന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇസ്രായേല്‍-യു.എസ് സംയുക്തസേനകളുടെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഏഴ് ശതമാനം വരെ വര്‍ധനവാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറായി ഉയര്‍ന്നു. മുന്‍പ് ഇത് 78.24 ഡോളറായിരുന്നു. 5.38 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും 4.66 ഡോളര്‍ ഉയര്‍ന്ന് 75.33 ഡോളറായി.

ഇതിനൊപ്പം, നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ ഈ ആഴ്ച തന്നെ ക്രൂഡോയില്‍ വില 90 ഡോളറിലേക്ക് എത്തുമെന്നും അടുത്തയാഴ്ചയോടെ 100 ഡോളര്‍ കടന്നേക്കാമെന്നും പ്രവചനങ്ങളുണ്ട്. ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ ആശ്രയമുള്ള രാജ്യങ്ങള്‍ക്കിത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.

യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷാഭീതിയെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം കുറവായിട്ടുണ്ട്. ഇറാന്‍ ഔദ്യോഗികമായി കടലിടുക്ക് അടച്ചിട്ടില്ലെങ്കിലും നിരവധി കപ്പലുകള്‍ യാത്ര റദ്ദാക്കി. യാത്രാസുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് കൂടുതല്‍ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് മതിയാകില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വീണ്ടും നേട്ടമുണ്ടായി. ഔണ്‍സിന് 127 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വില 5,358 ഡോളറിലെത്തി. 2.43 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷവും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പങ്കാളിത്തവും സ്വര്‍ണവില ഉയരാന്‍ കാരണമായി. യുദ്ധം നാലാഴ്ച വരെ നീണ്ടുനില്‍ക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കാനും വില വീണ്ടും ഉയരാനുമുള്ള സാധ്യത ശക്തമാണ്.